Thursday, November 29, 2012

സിന്ദൂര സന്ധ്യ

സിന്ദൂര സന്ധ്യ -
പകലിനെ പ്രണയിച്ച്
രാത്രിയെ തേടി !

Thursday, November 22, 2012

വൃശ്ചികപ്പുലരി

വൃശ്ചികപ്പുലരി-
ശരണ മന്ത്രങ്ങളില്‍ മുഴുകി
മഞ്ഞുതുള്ളികള്‍!

Wednesday, November 21, 2012

മനസ്സിലെ മഞ്ഞു കാലം

ഇനിയൊരു ജന്മം എന്ന് വരും എന്‍റെ മനസ്സിലെ മഞ്ഞു കാലം പൂക്കുവാന്‍!!


ചോരക്കറ പിടിച്ച ചുമരില്‍ ഉമ്മ വച്ച് കരയുമ്പോഴും വെളിച്ചം കാണാന്‍ തിരക്ക് കൂട്ടുന്ന കുരുന്നു ജീവന്റെ തുടിപ്പ് മാത്രമായിരുന്നു എന്‍റെയീ അമ്മ മനസ്സില് !

തീമഴകള്‍ക്ക് പിടി കൊടുക്കാതെ പാത്തും പതുങ്ങിയും ഉറക്കമുളച്ച് കാവല്‍ നിന്നതും എന്നിലുറങ്ങുന്ന കുഞ്ഞിന്‍റെ മുഖം ഒരു നോക്ക് കാണുവാന്‍ മാത്രം !

തെരുവുകളില്‍ ചിതറിക്കിടക്കുന്ന ചലനമറ്റ പിഞ്ചു മനസ്സുകള്‍ കവച്ച് വച്ച് ഭക്ഷണ പൊതികള്‍ തേടിയത് എന്‍റെ വയറ്റില്‍ വളരുന്ന പ്രണയസ്വപ്നങ്ങള്‍ക്ക് !


ഓരോ വെടിയൊച്ച കേള്‍ക്കുമ്പോളും ഇരു കൈകളും എന്‍റെ വയറിനോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ എന്‍റെ നെഞ്ചില്‍ പിടയുന്ന നെടുവീര്‍പ്പ് കുഞ്ഞറിയരുതെ എന്ന് പ്രാര്‍ത്ഥിച്ചു,

എന്നിട്ടും .......


എല്ലാമറിയുന്ന ദൈവം എന്തിനെന്റെ സ്വപ്‌നങ്ങളെ പട്ടാളക്കാരന്റെ ബൂട്ടിനടിയില്‍ അമര്‍ത്തി കളഞ്ഞത് ?


ഇനിയൊരു ജന്മം എന്ന് വരും എന്‍റെ മനസ്സിലെ മഞ്ഞു കാലം പൂക്കുവാന്‍!

Wednesday, November 7, 2012

തുലാവര്‍ഷം

പടിയിറങ്ങുന്ന
തുലാവര്‍ഷം, കണ്ണീരാല്‍
ഇലക്കൂട്ടങ്ങള്‍!

Thursday, November 1, 2012

തകർന്ന വള്ളം

തിരകളെണ്ണി
ഓർമ്മകളയവിറക്കുന്നു
തകർന്ന വള്ളം!

Sunday, October 14, 2012

ദിക്കറിയാതെ

ദിക്കറിയാതെ
ഒരിളം കാറ്റ്, മുളം
കാട്ടിൽ തേങ്ങുന്നു!

Wednesday, October 10, 2012

പ്രണയത്തിരകൾ

‍മ്മ കടലി
കര കയറിയടിച്ച്
പ്രണയത്തിരക!

Sunday, September 30, 2012

പ്രണയപ്പൂവ്

മൌനം വളർന്ന്
പൂവിട്ടത്, വാടാത്ത
പ്രണയപ്പൂവ്!

Saturday, September 15, 2012

കവിതാ വഞ്ചി

തോരാ മഴയത്ത്,
കവിതാ വഞ്ചികളായ്
നിൻ കണ്ണഴക്!

Tuesday, September 11, 2012

പ്രണയപ്പനി

മുറിഞ്ഞു പോയ
സ്വപ്നം, പുതപ്പിനടിയിൽ‍
പ്രണയപ്പനി!

Monday, September 10, 2012

മഴ മുത്തുകൾ

ചാറി പെയുന്ന
മഴ മുത്തുകൾ കോർ‍ത്ത്‌
ചിലന്തി കൂട്ടം!

Sunday, August 12, 2012

കുസൃതി മഴ

പടിവാതിക്കൽ
കുരുന്നുകളെ കാത്ത്
കുസൃതി മഴ !

Wednesday, July 18, 2012

പിതൃസ്മരണ

ആണ്ട്‌ മുങ്ങി-
ഓര്‍മ്മകൾ ഓളങ്ങളായി
സ്നേഹ തലോടൽ!

Monday, July 16, 2012

വഴിപിഴച്ച വാക്കുകൾ

വഴിപിഴച്ച
വാക്കുകൾ, ചിതയൊരുക്കുന്നു
പ്രണയ സ്വപ്‌നങ്ങൾ!

Sunday, July 15, 2012

കാലം തെറ്റിയ കാലം

കാലം കാത്തിതാ കടവത്ത് തോണി
കണ്ണീർ വറ്റിയൊരാറിൽ മയങ്ങുന്നു,
കാട്ടാറിൻ മേളം കേൾ‍ക്കാതെ കാനനം
കാലിടറി വിണ്ണിൽ കൈ കൂപ്പീടുന്നു,
കരയെ തനിച്ചാക്കി കടലോ മടങ്ങുന്നു
കര കണ്ട കാലം കടലും മറന്നു പോയ്‌,
കാണുന്നതൊന്നും കണ്ടാലറിയാതെ
കോലങ്ങൾ കെട്ടി നടക്കുന്നു മാനവർ,
കാട്ടിലും മേട്ടിലും വെട്ടി തെളിച്ചിട്ട്
കെട്ടിയുയർത്തുന്നു കൊട്ടാര കെട്ടുകൾ,
കിട്ടിയതൊന്നും കണ്ണിൽ പിടിയ്ക്കാതെ
കിട്ടാത്ത സൂര്യനെ തേടിയലയുന്നു,
കലി പൂണ്ട കാലം ലോകം വെറുത്തിട്ട്
കാലങ്ങൾ നോക്കാതെ വന്നു പോകും.

Saturday, July 14, 2012

മഴവിൽത്താലി

മഴവിൽത്താലി
ചാ‍ത്തി സിന്ദൂര സന്ധ്യ
രാത്രി വാതിൽ‍ക്കൽ!

Wednesday, July 11, 2012

മഴവിൽ കുഞ്ഞ്

വഴിപിഴച്ച
മഴയിൽ പിറന്നൊരു
മഴവിൽ കുഞ്ഞ്!

Monday, July 9, 2012

ചെളിപ്പൂക്കൾ

മാനത്തെ മഴ-
ഇടവഴിയിൽ ചെളിപ്പൂക്കൾ
നൃത്തം വയ്ക്കുന്നു!

തീണ്ടാപാട്

തീണ്ടാപാട് പോലെ
നിന്റെ പ്രണയം കുടുങ്ങി കിടക്കുന്നു
എന്റെ വിര‍ത്തുമ്പില്‍!

Saturday, July 7, 2012

പ്രണയ ചിത്രം

മുടിപ്പൂക്കളിൽ
ചിതറിയ സിന്ദൂരം,
പ്രണയ ചിത്രം!

Saturday, June 30, 2012

സിന്ദൂര സന്ധ്യ

മഴ വിരിച്ച
പായയിൽ‍ മയങ്ങുന്നു
സിന്ദൂര സന്ധ്യ!

Monday, June 25, 2012

കാരയ്ക്ക മരം

കാരയ്ക്ക മരം
കാതോർ‍ക്കുന്നു കണ്ണീരാൽ
കോർ‍ക്കും സ്വപ്‌നങ്ങൾ!

Friday, June 22, 2012

പാണ്ടിമേളം

പാണ്ടിമേളം
കൊട്ടികയറി വിയർ‍ക്കുന്നു
മഴ മേഘങ്ങൾ!

Tuesday, June 12, 2012

പാതിരാമഴ

നിശാഗന്ധി കുരുന്നിനെ
ഉറുമ്പരിക്കും നേരം
ചരൽമഴ പോലൊരു
പാതിരാമഴ !

Sunday, June 10, 2012

മണൽ‍ത്തരികൾ

നദിയോരത്ത്
നിലാവിൽ കുളിക്കുന്നു
മണൽ‍ത്തരികൾ !

Friday, June 8, 2012

ഇടവപ്പാതി

ഇടവപ്പാതി-
മാവിൻച്ചോട്ടിൽ
മാമ്പഴമഴ!

Wednesday, June 6, 2012

മരണമഴ

മരണമഴ-
നാലുമണി പൂവ്
മണ്ണ് തിന്നുന്നു !

Monday, June 4, 2012

തൊട്ടാവാടി

അവളുടെ സ്വപ്നങ്ങളെ
വീണ്ടും കരയിപ്പിച്ചു,
സാരിത്തുമ്പിൽ‍ പിടച്ചു
പിണങ്ങിയ തൊട്ടാവാടി !

Sunday, June 3, 2012

പുതു അദ്ധ്യയനവർഷം

പുതു അദ്ധ്യയനവർഷം-
ക്ലാസ് മുറിയിലിരുന്ന്
ബാഗ് നക്കിമിനുക്കുന്നു
കണ്ണ് നിറഞ്ഞൊരു പൈങ്കിളി കുരുന്ന്‌!

Saturday, June 2, 2012

കൂൺ‍ ചെടി

കുട ചൂടി
നനയുന്നൊരു കൂട്ടില്ലാ
കൂൺ‍ ചെടി!

മരണവീട്

മരണവീട്-
ഈച്ചയാർ‍ക്കുന്നൊരു ശവം
മകനെ കാത്ത്‌!

വേനൽമഴ

വേനൽമഴ-
കാലമറിയാതെ കാട്ടരുവി
കവിതയെഴുതി!

Friday, June 1, 2012

മഴക്കുട്ടി

പുത്തനുടുപ്പിട്ട് പുതുമണ്ണിൽ
തറപറയെഴുതുന്നു
പുഞ്ചിരിയാലൊരു
മഴക്കുട്ടി!

Thursday, May 31, 2012

മഴയത്തൊരു കുട്ടി

     മഴയത്തൊരു കുട്ടി
കണ്ണുചിമ്മി വാതുറന്നു
      മഴ വിഴുങ്ങുന്നു !

ഉത്തരം

ഉത്തരം മുട്ടില്ലന്ന്
തെക്കൻ നക്ഷത്രങ്ങൾ!
ഉത്തരത്തിന്റെ അറ്റം തേടി പോയവർ
തിരിച്ചു വന്നെന്ന്‌ !

Wednesday, May 30, 2012

മാമ്പൂ പിണങ്ങി

     മാമ്പൂ പിണങ്ങി-
കാറ്റിനോടും മഴയോടും
    ഞാനും പിണങ്ങി !

Tuesday, May 29, 2012

കുപ്പികൾ തേടി

      കുപ്പികൾ തേടി
കുട കരിഞ്ഞ കുട്ടി
      കടൽക്കരയിൽ!

നദിയോരത്ത്

       നദിയോരത്ത്
നിലാവിൽ കുളിക്കുന്നു
     മണൽ‍ത്തരികൾ !

Monday, May 28, 2012

മരണവീട്

                മരണവീട്-
തെക്കേ മാവിലെ കാക്ക
         കൂടുമാറുന്നു

Sunday, May 27, 2012

കാട്ടാറിൻ മേളം

      കാട്ടാറിൻ മേളം-
    കടവിൽ കാലിടറി
       മുളക്കൂട്ടങ്ങൾ!


 

ശവപ്പറമ്പ്

                 ശവപ്പറമ്പ് -
        യജമാനെ തേടി നായ 
             മണ്ണ് മാന്തുന്നു!